കൊറോണബാധ: ഇന്ത്യ കടുത്ത യാത്രാവിലക്കുകൾ പ്രഖ്യാപിച്ചു; OCI കാർഡുപയോഗിച്ചും ഇന്ത്യയിലേക്ക് പോകാനാവില്ല

കൊറോണ വൈറസ് ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യൻ സർക്കാർ വിദേശികൾക്കും ഇന്ത്യൻ പൗരന്മാർക്കും കടുത്ത യാത്രാവിലക്കുകൾ പ്രഖ്യാപിച്ചു.

coronavirus

Source: AAP

ഡൽഹിയിയൽ ചേർന്ന അടിയന്തര യോഗത്തിനു ശേഷമാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ ഈ വിലക്കുകൾ പ്രഖ്യാപിച്ചത്.

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള എല്ലാ വിസകളും അടുത്ത ഒരു മാസത്തേക്ക് മരവിപ്പിക്കാനാണ് തീരുമാനം. ഏപ്രിൽ 15 വരെ വിദേശപൗരൻമാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാവില്ല.
നയതന്ത്രപ്രതിനിധികൾക്കും UN/രാജ്യാന്തര സ്ഥാപനങ്ങളുടെ ജീവനക്കാർക്കും, തൊഴിൽ വിസയിലുള്ളവർക്കും ഈ വിലക്ക് ബാധകമല്ല. ഇന്ന് അർദ്ധരാത്രി മുതൽ വിലക്ക് നിലവിൽ വരും.

വിദേശ ഇന്ത്യാക്കാർക്ക് OCI കാർഡുപയോഗിച്ച് യാത്ര ചെയ്യുന്നതിനും വിലക്കേർപ്പെടുത്തി. ഇന്ന് അർദ്ധരാത്രി മുതൽ ഏപ്രിൽ 15 വരെ OCI  കാർഡുപയോഗിച്ച് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല.
അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യണമെങ്കിൽ സമീപത്തുള്ള ഇന്ത്യൻ മിഷനിൽ നിന്ന് പ്രത്യേക വിസ ലഭ്യമാക്കണം. OCI  കാർഡുടമകൾക്കും മറ്റു വിദേശികൾക്കും ഇത് ബാധകമാകും.

ചൈന, ഇറ്റലി, ഇറാൻ, കൊറിയ, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ എന്നീ രാജ്യങ്ങൾ ഫെബ്രുവരി 15നു ശേഷം സന്ദർശിച്ചിട്ടുള്ള ഇന്ത്യൻ പൗരൻമാരുൾപ്പെടെ എല്ലാവരും 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകും.

ഇപ്പോൾ വിദേശത്തുള്ള ഇന്ത്യൻ പൗരൻമാരും അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. അല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
വിദേശത്തു നിന്ന് തിരിച്ചെത്തുന്ന ഇന്ത്യൻ പൗരന്മാരെ 14 ദിവസത്തേക്ക് ക്വാറന്റൈന് വിധേയരാക്കിയേക്കാം എന്നും ഇമിഗ്രേഷൻ ബ്യൂറോ വ്യക്തമാക്കി.

ഇന്ത്യയിലുള്ളവർ വിദേശത്തേക്ക് പോകുന്നതും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമായി ചുരുക്കണം.

അതേസമയം, നിലവിൽ ഇന്ത്യയിലുള്ള വിദേശ പൗരൻമാർക്ക് അവിടെ തുടരാൻ കഴിയും. വിസ കാലാവധി കഴിയുകയാണെങ്കിൽ അവർക്ക് കാലാവധി നീട്ടി നൽകും.

Share
Published 12 March 2020 8:01am
Updated 15 March 2020 1:32pm
By Deeju Sivadas

Share this with family and friends