ഐശ്വര്യ മരിച്ചിട്ട് ഒരു മാസം: നീതി തേടി മാതാപിതാക്കൾ നിരാഹാരസമരം തുടങ്ങി

പെർത്തിൽ ആശുപത്രി എമർജൻസി വാർഡിൽ ചികിത്സ കിട്ടാൻ വൈകിയതിനെത്തുടർന്ന് മരിച്ച മലയാളി പെൺകുട്ടിയുടെ അച്ഛനമ്മമാർ ആശുപത്രിക്ക് മുന്നിൽ നിരാഹാര സമരം തുടങ്ങി.

Aiswarya Aswath's parents start hunger strike

Source: Supplied/Suresh Rajan

മാർച്ച് മൂന്ന് ശനയാഴ്ചയായിരുന്നു പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിലെ എമർജൻസി വാർഡിൽ ഐശ്വര്യ അശ്വത് എന്ന ഏഴുവയസുകാരി മലയാളിപെൺകുട്ടി മരിച്ചത്.

പനി മൂലം ആശുപത്രിയിലെത്തിയ ഐശ്വര്യയ്ക്ക് ചികിത്സ കിട്ടാനായി രണ്ടു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നിരുന്നു.

ഐശ്വര്യ മരിച്ച് നാലാഴ്ചയായിട്ടും മരണകാരണം പോലും ഇതുവരെയും അച്ഛൻ അശ്വതിനും അമ്മ പ്രസീതയ്ക്കും അറിയാൻ കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഐശ്വര്യയുടെ അച്ഛനമ്മമാർ നിരാഹാര സമരം തുടങ്ങിയത്.

ഐശ്വര്യയുടെ അച്ഛനും അമ്മയും പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിലെ എമർജൻസി വാർഡിനു മുന്നിലാണ് നിരാഹാരമിരിക്കുന്നത്. 

വെള്ളിയാഴ്ച അർധരാത്രിയാണ് സമരം തുടങ്ങിയത്.  ഏഴ് മണിക്കൂറോളമായിട്ടും ആശുപത്രിയുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് അശ്വത് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉറച്ച നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും അശ്വത് കുറ്റപ്പെടുത്തി. ഇത്തരം കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങിയില്ലെങ്കിൽ കൂടുതൽ പേർക്ക് ഇതുപോലുള്ള ദുരന്തം ഉണ്ടാകാമെന്നും അതൊഴിവാക്കുന്നതിന് വേണ്ടിയാണ് നിരാഹാര സമരമെന്നും അശ്വത് പറഞ്ഞു.
ഐശ്വര്യയുടെ സ്ഥിതി മോശമാകുന്നതായി അച്ഛനമ്മമാർ പല തവണ ചൂണ്ടിക്കാണിച്ചിട്ടും, എമർജൻസി വിഭാഗത്തിലുള്ളവർ അത് ഗൗരവമായെടുത്തില്ല എന്നായിരുന്നു പരാതി.

ഇതേക്കുറിച്ച് ആരോഗ്യവകുപ്പ് ആഭ്യന്തര അന്വേഷണം തുടങ്ങിയിരുന്നു.
Aiswarya Aswath's parents start hunger strike
Aishwarya’s father, Aswath Chavittupara, says the report doesn’t explain why his pleas for help were ignored. Source: Supplied/Suresh Rajan
ഇത്തരം സാഹചര്യങ്ങളിലെ അന്വേഷണം നാലാഴ്ച മുതൽ ആറാഴ്ച വരെയെടുക്കാമെന്നും, എന്നാൽ ഈ മരണത്തിന്റെ ദാരുണ സ്വഭാവം കണക്കിലെടുത്ത് എത്രയും വേഗം അത് പൂർത്തിയാക്കും എന്നുമായിരുന്നു സംസ്ഥാന ആരോഗ്യമന്ത്രി റോജർ കുക്കിന്റെ പ്രഖ്യാപനം.

ഐശ്വര്യയുടെ മരണശേഷം സംസ്ഥാന സർക്കാർ നൽകിയ വാഗ്ദാനങ്ങളും ഉറപ്പുകളുമൊന്നും ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ലെന്നും, അതിനാലാണ് കുടുംബത്തിന് സമരമാർഗ്ഗം സ്വീകരിക്കേണ്ടിവന്നതെന്നും കുടുംബവക്താവും, WA എത്നിക് കമ്മ്യൂണിറ്റീസ് കൗൺസിൽ പ്രസിഡന്റുമായ സുരേഷ് രാജൻ പറഞ്ഞു.

സംവിധാനത്തിലുള്ള വിശ്വാസം നഷ്ടമാകുമ്പോഴാണ് ഇത്തരം സമരമാർഗ്ഗങ്ങളിലേക്ക് പോകേണ്ടിവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മകളെ നഷ്ടപ്പെട്ട ഒരച്ഛന് ഇത്തരത്തിൽ സമരം തുടങ്ങേണ്ടി വന്ന സാഹചര്യമെങ്കിലും കണക്കിലെടുത്ത് WA ആരോഗ്യവകുപ്പ് ഉത്തരങ്ങൾ പുറത്തുവിടണമെന്നും സുരേഷ് രാജൻ ആവശ്യപ്പെട്ടു.

ഐശ്വര്യ മരിച്ച് പത്തു ദിവസത്തോളം കഴിഞ്ഞിട്ടാണ് അച്ഛനമ്മമാർക്ക് മൃതദേഹം കാണാൻ പോലും കഴിഞ്ഞത് എന്നും നേരത്തേ കുടുംബസുഹൃത്തുക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.


Share
Published 1 May 2021 8:58am
By Deeju Sivadas

Share this with family and friends